ഒറ്റ നോട്ടത്തില്‍
ജില്ല : കൊല്ലം
ബ്ലോക്ക് : കൊട്ടാരക്കര
വിസ്തീര്‍ണ്ണം : 17.24 ച.കി.മീ
വാര്‍ഡുകളുടെ എണ്ണം : 17
ജനസംഖ്യ 22531
പുരുഷന്‍മാര്‍ 11050
സ്ത്രീകള്‍ 11481
ജനസാന്ദ്രത : 1307
സ്ത്രീ : പുരുഷ അനുപാതം 1039
ചെറുതും വലുതുമായ പല കുന്നുകളും അവയുടെ ചരിവുകളും താഴ്വരകളും സമതലങ്ങളും ഉള്‍പ്പെടുന്ന 17.24 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് കൊല്ലം ജില്ലയിലെ എഴുകോണ്‍ ഗ്രാമപഞ്ചായത്ത്. എഴുന്ന് നില്ക്കുന്ന കുന്നുകളും അവയുടെ ചരിഞ്ഞ തടങ്ങളും പഴയ എഴുകോണ്‍ പകുതിയുടെ ഭൂപ്രകൃതിയാണ്. ബുദ്ധമതത്തിന് എഴുകോണില്‍ പ്രാചീനകാലത്ത് സ്വാധീനമുണ്ടായിരുന്നു. ഇടനാടിന്റെ തെക്കന്‍ മേഖലയില്‍പ്പെടുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. ജനസംഖ്യയില്‍ ഗണ്യമായ ഒരു ഭാഗം പട്ടികജാതിയില്‍പ്പെട്ടവരാണ്. പതിനൊന്ന് കോളനികള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പട്ടികജാതിക്കാരുടേതായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് അംബേദ്ക്കര്‍ കോളനിയാണ്. സാക്ഷരതയില്‍ പഞ്ചായത്തിലെ ജനങ്ങള്‍ വളരെ മുന്നിലാണ്. 96% സാക്ഷരത കൈവരിച്ചിട്ടിച്ചുണ്ട്. ഇവിടുത്തെ കുന്നുകളില്‍ ഏറ്റവും വലുത് 106 മീറ്റര്‍ ഉയരമുള്ള “തയ്യാര്‍കുന്ന്” എന്നറിയപ്പെടുന്നു. വേലുത്തമ്പിയുടെ അവസാനകാലത്ത് സുരക്ഷിത സ്ഥാനം തേടി സഞ്ചരിക്കുന്നതിനിടയില്‍ ഈ കുന്നിലും പരിസരത്തുമായി താവളമടിച്ചെന്നാണറിയുന്നത്. കുന്നിന്റെ അടിവാരത്തുള്ള ചീരങ്കാവും, ഭഗവതിക്ഷേത്രവും തമ്പിയ്ക്ക് അഭയകേന്ദ്രമായിരുന്നു. വെള്ളപ്പട്ടാളത്തിന്റെ പടയോട്ടം ദൃഷ്ടിയില്‍പ്പെട്ടതിനു ശേഷമാണ് അദ്ദേഹം ഈ കുന്നില്‍ നിന്ന് മണ്ണടിയിലേക്കുള്ള പലായനം തുടങ്ങിയതെന്നാണ് ചരിത്രം. ശക്തിസംഭരണത്തിന് തയ്യാറെടുപ്പ് നടത്തിയെന്ന നിലയില്‍ ആണ് “തയ്യാര്‍കുന്ന്’ എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു.
കുന്നുകളുടെ മുകള്‍ഭാഗം നിരപ്പ് സ്ഥലമാണ്. പാറയും പാരുമില്ലാത്ത സ്ഥലമായതുകൊണ്ട് ഈ നിരപ്പ് ഭൂമി പലവിധ കൃഷിക്കായി ഉപയോഗിച്ചു വരുന്നു. റബ്ബര്‍, തെങ്ങ്, കശുമാവ്, മരച്ചീനി, മറ്റ് ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നു. കീഴ്ക്കാംതൂക്കായ ചരിവില്ലാത്തതുകൊണ്ട് കുന്നുകളുടെ എല്ലാ വശങ്ങളിലും മണ്ണൊലിപ്പ് തടഞ്ഞ് കൃഷി ചെയ്തു വരുന്നു. താഴ്വരകളില്‍ ഫലപുഷ്ടിയുള്ള മണ്ണും വെള്ളത്തിന് സൌകര്യവും ഉള്ളത് കൊണ്ട് നെല്ല്, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികള്‍ നടത്തുന്നു. താഴ്വരയിലുള്ള നീരുറവകളൊന്നിച്ച് ചേര്‍ന്നുണ്ടായിട്ടുളള മൂന്ന് നാല് തോടുകള്‍ മാത്രമാണ് ഈ പഞ്ചായത്ത് പ്രദേശത്തു കൂടി വടക്കുഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും ഒഴുകുന്നത്. ചിറ, തടാകം, നദി തുടങ്ങിയവയൊന്നും ഈ പഞ്ചായത്തില്‍ ഇല്ല. ആകെയുള്ള ഭൂമിയില്‍ 8.6% മാത്രമാണ് നെല്‍ക്കൃഷിക്കുള്ളത്. ഇരുപ്പൂ നിലങ്ങളാണിവ. വളരെ ചെറിയൊരു ഭാഗം കൃഷിക്കാര്‍ മൂന്നാം വിളയായി പയര്‍ക്കൃഷി നടത്താറുണ്ട്