ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
ശ്രീനാരായണഗുരുവിന്റെ സാമൂഹിക വിപ്ളവത്തിന്റെ അലകള്‍ എഴുകോണില്‍ ആഞ്ഞടിച്ചിട്ടുണ്ട്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് ഉണ്ടാക്കിയ ക്ഷേത്രമാണ് കാരുവേലില്‍ കുമാരമംഗലം സുബ്രഹ്മണ്യക്ഷേത്രം. ഗ്രാമത്തിലെ മറ്റൊരു സുബ്രഹ്മണ്യകോവിലാണ് വാളയ്ക്കോട്. കാരുവേലില്‍ ശിവമംഗലം ക്ഷേത്രം, മന്നത്ത് മൂര്‍ത്തിക്കാവ് എന്നിവയും പ്രസിദ്ധമാണ്. ഇത്തരം സാമൂഹിക വിപ്ളവത്തിന് ആഹ്വാനം കൊടുക്കാന്‍ ഗുരുദേവന്‍ എഴുകോണില്‍ എത്തിയിട്ടുണ്ട്. നാട്ടിലെ ആയുര്‍വേദ പാരമ്പര്യം കൊണ്ടുണ്ടായ സംസ്കൃതവിദ്യാഭ്യാസവും മലയാളവിദ്യാഭ്യാസവും 1930-കളില്‍ ഗ്രാമത്തിലുയര്‍ന്നു വന്നു. ഈ രണ്ടുഭാഷകളോടുമുള്ള കടപ്പാടു സൂചിപ്പിക്കുന്ന സ്കൂളുകളാണ് എഴുകോണും(സംസ്കൃതം) ഇരുമ്പനങ്ങാടും(മലയാളം) ഇന്നുള്ള ഹൈസ്കൂളുകള്‍. എഴുകോണ്‍ സി.എന്‍.നീലകണ്ഠന്‍ വൈദ്യരുടേയും, ഇരുമ്പനങ്ങാട്ട് ശ്രീമൂലം അസംബ്ളിയില്‍ എം.എല്‍.സി. ആയിരുന്ന ഏ.ഈശ്വരപ്പിള്ളയുടേയും തീവ്രയത്നം ഇതിനുണ്ടായി. ഇരുമ്പനങ്ങാട് വെര്‍ണാക്കുലര്‍ ഹൈസ്കൂള്‍ (മലയാളം 9-ാം ക്ളാസ്സ് വരെ) എന്നാണ് ആദ്യപേര്. സംസ്കൃതവും മലയാളവും ഒന്നാം ഭാഷയായി പഠിച്ചു വളര്‍ന്ന ഒരു പ്രബുദ്ധതലമുറ ഈ പ്രദേശത്തെ സാംസ്കാരിക വികസനത്തിന് സഹായകമായി. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പി.എസ്.സി. മുന്‍ ചെയര്‍മാന്‍ എം.കെ.കുമാരന്‍, ബഹു:കേരളാ ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങി ഒട്ടനവധി മഹാരഥന്മാര്‍ ഇവിടെ ഉദിച്ചുയര്‍ന്നിട്ടുണ്ട്.
സ്ഥലനാമ ചരിത്രം
വളരെ പഴക്കമുള്ള ഒരു ചരിത്രപശ്ചാത്തലം എഴുകോണിനുണ്ട്. എഴുകോണ്‍ പകുതി എന്നറിയപ്പെട്ടിരുന്നപ്പോള്‍ ഈ ഭൂവിഭാഗത്തില്‍ ഇപ്പോഴുള്ള കരീപ്ര, പവിത്രേശ്വരം, എഴുകോണ്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ഭാഗവും കുണ്ടറ പഞ്ചായത്തിലെ കുറെ പ്രദേശവും ഉള്‍ക്കൊണ്ടിരിക്കുന്നു. വേലുത്തമ്പി കുണ്ടറ വിളംബരത്തിന് മുമ്പ് സൈന്യസമേതം തയ്യാറെടുപ്പ് നടത്തിയ ‘തയ്യാര്‍കുന്ന്’ എഴുകോണ്‍ പകുതിയില്‍പ്പെട്ട പ്രദേശമാണ്. എഴുന്ന് നില്ക്കുന്ന കുന്നുകളും അവയുടെ ചരിഞ്ഞ തടങ്ങളും പഴയ എഴുകോണ്‍ പകുതിയുടെ ഭൂപ്രകൃതിയാണ്. ഏഴ് കോണുകള്‍ ഉള്ള സ്ഥലം എന്ന അര്‍ത്ഥത്തില്‍ ഉണ്ടായ പദമാണ് ‘എഴുകോണ്‍’ എന്ന വാദവുമുണ്ട്. ഭൂപ്രകൃതിയും ഈ പേരിന് യോജിക്കുന്നുണ്ട്. എഴുന്നതും കോണുകളോടു കൂടിയതുമായ ഭൂപ്രദേശമാണ് -എഴുകോണ്‍.
ഭരണ ചരിത്രം
1951-ല്‍ ഈ പഞ്ചായത്ത് ഒരു ജനകീയ ഭരണത്തിന് തുടങ്ങുമ്പോള്‍ കരീപ്ര, പവിത്രേശ്വരം പഞ്ചായത്തുകളില്‍ ഇന്ന് നില്ക്കുന്ന ചില വാര്‍ഡുകള്‍ കൂടി ഇവിടെ ഉള്‍പ്പെട്ടിരുന്നു. ഇടയ്ക്കിടം, കടയ്ക്കോട്, തൃപ്പലഴികം, മാറനാട് എന്നീ വാര്‍ഡുകള്‍ നഷ്ടപ്പെട്ട് ഇന്ന് എഴുകോണ്‍ വില്ലേജില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു. പഞ്ചായത്ത് ഭരണം തുടങ്ങുമ്പോള്‍ ദ്വായാംഗമണ്ഡലമുള്‍പ്പെടെ ഏഴ് വാര്‍ഡുകള്‍ ഉണ്ടായിരുന്നു. ആദ്യഭരണസമിതിയുടെ പ്രസിഡന്റ് പി.കെ.പുരുഷോത്തമന്‍ ആയിരുന്നു. വില്ലേജ് പുനര്‍നിര്‍ണ്ണയത്തോടെ പഞ്ചായത്തിന്റെ വിസ്തൃതി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളിലെ ശുചീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് റവന്യൂ വകുപ്പിന്റെ അടിസ്ഥാന ഘടകമായിരുന്ന പകുതികച്ചേരികള്‍ വഴിയായിരുന്നു. ഇന്നത്തെ വാര്‍ഡുകള്‍ അന്ന് കര, മുറി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. കല്ലടയാറിനടുത്തുള്ള കരമ്പിന്‍ പുഴ പ്രദേശം മുതല്‍ ഇത്തിക്കരയാറിനോടു ചേര്‍ന്നുള്ള നെടുമണ്‍കാവ് വരെ എഴുകോണ്‍ പകുതിയായിരുന്നു. ഇപ്പോഴത്തെ എഴുകോണ്‍ പകുതിക്കച്ചേരിയായിരുന്നു അന്നത്തെ ഭരണകേന്ദ്രം. പവിത്രേശ്വരം, എഴുകോണ്‍, കരീപ്ര എന്നീ വില്ലേജുകളായി എഴുകോണ്‍ പകുതി വിഭജിക്കപ്പെട്ടു. എഴുകോണ്‍ പഞ്ചായത്തിന് ഇപ്പോഴുള്ള അതിരുകളും വിസ്തൃതികളുമായിരുന്നില്ല തുടക്കത്തിലുണ്ടായിരുന്നത്. തൃപ്പലഴികം പഞ്ചായത്തിലെ ഇടയ്ക്കിടം, കടയ്ക്കോട്, ചൊവ്വള്ളൂര്‍ തുടങ്ങിയ ഭാഗങ്ങളും പഞ്ചായത്ത് പുന:സംഘടനയെത്തുടര്‍ന്ന് എഴുകോണ്‍ പഞ്ചായത്തില്‍ നിന്ന് സമിതിയില്‍ മേല്‍ പറഞ്ഞ സ്ഥലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് മെമ്പര്‍മാരുണ്ടായിരുന്നു. മാറനാടിനെ പ്രതിനിധീകരിച്ച് കുഞ്ചുപിള്ള എന്ന രാമന്‍പിള്ളയും, ഇടയ്ക്കിടം കടയ്ക്കോട് ചേര്‍ത്ത് എന്‍.ഗോപാലനും, എസ്.കൊച്ചുകുഞ്ഞും മെമ്പര്‍മാരായിരുന്നു. മാറനാട് കളത്തട്ടിന് വടക്കു മുതല്‍ തെക്ക് കടയ്ക്കോട് വരെയും കിഴക്ക് കൊതുമ്പില്‍ ഭാഗം മുതല്‍ പടിഞ്ഞാറ് നെടുമ്പായിക്കുളം വരെയുമായിരുന്നു എഴുകോണ്‍ പഞ്ചായത്തിന്റെ വ്യാപ്തി. ഇടയ്ക്കോട്, പുതുശ്ശേരിക്കോണം, നെടുമ്പായിക്കുളം ഭാഗങ്ങള്‍ തൃപ്പലഴികം ഭാഗത്തില്‍ നിന്ന് എഴുകോണിനോടു ചേര്‍ന്നതാണ്. എഴുകോണ്‍ പഞ്ചായത്തിന് തെക്ക് ഉണ്ടായിരുന്ന തൃപ്പലഴികം പഞ്ചായത്ത് ഇല്ലാതാവുകയും കരീപ്ര പഞ്ചായത്ത് ഉണ്ടാവുകയും ചെയ്തു.